ന്യൂഡല്‍ഹി:  കുട്ടികളുടെ പഠനമാണ്‌ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കാള്‍ വലുതെന്ന് സുപ്രീംകോടതി. 2013 ൽ പശ്ചിമബംഗാളിൽ ഉച്ചഭാഷണികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണെമെന്നാവശ്യപ്പെട്ട് ബി ജെ പി സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. 

2013 ലാണ് പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം ഉച്ചഭാഷിണിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. സംസ്ഥാനത്തെ റസിഡന്‍ഷ്യല്‍ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലുമായിരുന്നു നിയന്ത്രണം. 

 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷ നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് റാലികളിലും പരിപാടികളിലും ഉച്ചഭാഷിണികളുടെ ഉപയോഗം കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ പ്രതികരണം. 

ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച മമത സര്‍ക്കാരിന്റെ നടപടി റദ്ദാക്കണമെന്ന ബിജെപി ആവശ്യം നേരത്തെ സുപ്രീംകോടതി നിരാകരിച്ചിരുന്നു.

Content Highlights: Children's Studies More Important Than Rallies Says Supreme Court