എസ്‌കാംബിയ (ഫ്ളോറിഡ): ഇന്ത്യക്കാരനെ  വെടിവെച്ചു കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തെലങ്കാനയില്‍ നിന്നുള്ള കെ. ഗോവര്‍ധന്‍ റെഡ്ഢി (50)  ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 20ന് ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. കേസില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.  മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഫെബ്രുവരി 21 ന് നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം.

കിയാന്‍ഡ്ര സ്മിത്ത് (23) എഫിഡാറിയസ് ബ്രയാന്റ് (29) ക്രിസ്റ്റല്‍ ക്ലോസെല്‍ (33) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റുചെയ്തവര്‍ക്ക് സമീപപ്രദേശങ്ങളില്‍ നടന്ന കവര്‍ച്ചകളില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായും ഡെപ്യൂട്ടി അറിയിച്ചു.

ഗോവര്‍ധന്‍ മാനേജരായ ഗ്യാസ് സ്റ്റേഷനിലേക്ക് രണ്ടുപേര്‍ അധിക്രമിച്ചു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. ഇതില്‍ തലമൂടി മുഖംമറച്ച കറുത്തവര്‍ഗക്കാരനായ യുവാവാണ് വെടിവെച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഗൂഢാലോചന, വധശ്രമം, കുറ്റം മറച്ചുവെക്കല്‍ എന്നീ വകുപ്പുകളാണ് കിയാന്‍ഡ്രക്കും ക്ലോസലിനും എതിരെ ചുമത്തിയിരിക്കുന്നത്. ബ്രിയാന്റിനെതിരെയാണ് കൊലപാതകുറ്റത്തിനു കേസെടുത്തിരിക്കുന്നത്.

എട്ടുവര്‍ഷം മുമ്പാണ് ഗോവര്‍ധന്‍ തെലങ്കാനയിലെ യാഡ്രി ജില്ലയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യ ശോഭാ റാണി മക്കളായ ശ്രേയ, തുളസി എന്നിവര്‍ ഹൈദരാബാദിലാണ്. പെന്‍സ്‌കോല സിറ്റി ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോര്‍ കൗണ്ടര്‍ മാനേജരായിട്ടാണ് ഗോവര്‍ധന്‍ ജോലി ചെയ്തിരുന്നത്. ഫ്ളോറിഡ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. 

content Highlight: Three Charged After Indian Clerk Killed