മൈസൂരു: ബന്ദിപ്പുര്‍ കടുവസംരക്ഷണകേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം. 600 ഏക്കറോളം വനഭൂമി കത്തിനശിച്ചെന്നാണ് പ്രാഥമിക നിഗമനം. ഗോപാലസ്വാമിബേട്ട എന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. പിന്നീട് ശക്തമായ കാറ്റിനെത്തുടര്‍ന്ന് തീ പടരുകയായിരുന്നു.

തീ പൂര്‍ണമായി അണയ്ക്കാന്‍ അഗ്‌നിശമനസേനയും നാട്ടുകാരും ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് പ്രതികൂലമാവുകയാണ്. ബന്ദിപ്പുര്‍ വനമേഖലയുടെ ഭാഗമായ ലൊക്കെരെയിലെ രണ്ടു ചെറുകുന്നുകളും കെബ്ബാപുരയിലെ രണ്ടു ചെറുകുന്നുകളും കാട്ടുതീയില്‍ കത്തിനശിച്ചു. കടുവസംരക്ഷണകേന്ദ്രത്തിന് അകത്തേക്ക് തീപടര്‍ന്നത് കൂടുതല്‍ ആശങ്കയുണ്ടാക്കി. മൈസൂരു-ബന്ദിപ്പുര്‍ റോഡില്‍ ഏറെനേരം ഗതാഗതവും സ്തംഭിച്ചു.

കാട്ടുതീയെത്തുടര്‍ന്ന് മാനുകള്‍ ഓടിപ്പോയതായും ഇഴജന്തുക്കള്‍ ചത്തൊടുങ്ങിയതായും പരിസ്ഥിതിപ്രവര്‍ത്തകര്‍ പറഞ്ഞു. തീ ഉള്‍വനത്തിലേക്ക് കടന്നത് മൃഗങ്ങളുടെ ആവസവ്യവസ്ഥയെ ബാധിച്ചേക്കും. ബന്ദിപ്പുര്‍ കടുവസംരക്ഷണകേന്ദ്രത്തിന്റെ അതിര്‍ത്തിയായ വയനാട് വന്യജീവിസങ്കേതത്തിലേക്കും തീപടര്‍ന്നു. അടുത്തകാലത്ത് ബന്ദിപ്പുരിലുണ്ടായ വന്‍തീപിടിത്തങ്ങളിലൊന്നാണിത്. എല്ലാവര്‍ഷവും ഈ മേഖലയില്‍ അഗ്‌നിബാധ ഉണ്ടാകുന്നതായി പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. കാട്ടുതീയെ പ്രതിരോധിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു.

Content Highlights: huge fire at bandhipur tiger reserve karnataka