ജയ്പൂര്‍: കശ്മീരികള്‍ക്ക് എതിരെയല്ല, കശ്മീരിനെ സംരക്ഷിക്കാനാണ് രാജ്യത്തിന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ കശ്മീരികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം ഇത്തരം അക്രമങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും വ്യക്തമാക്കി. രാജസ്ഥാനിലെ ടോങ്കില്‍ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞദിവസങ്ങളില്‍ കശ്മീരി യുവാക്കള്‍ക്ക് നേരേ എന്താണുണ്ടായത്. ചെറുതാണെങ്കിലും വലുതാണെങ്കിലും ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാനാകില്ല. ഇതൊന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ല. കശ്മീരി യുവാക്കളും തീവ്രവാദത്തിന്റെ ഇരകളാണ്. കശ്മീരിലെ ഓരോ കുട്ടികളും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണ്- മോദി പറഞ്ഞു. 

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് അദ്ദേഹം കശ്മീരികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും അപലപിച്ചു. 

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ വിവിധഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ഥികളും യുവാക്കളും ആക്രമിക്കപ്പെട്ടിരുന്നു. ഡെറാഡൂണ്‍, ഹരിയാണ തുടങ്ങിയ മേഖലകളില്‍നിന്ന് കശ്മീരികളെ വീടുകളില്‍നിന്ന് ഇറക്കിവിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് കശ്മീരികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.