മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ ലോകകപ്പ് മത്സരം ഒഴിവാക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി (സി.ഒ.എ) യോഗത്തില്‍ തീരുമാനമായില്ല. 

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടി നിര്‍ദേശം പരിഗണിച്ച് പിന്നീട് അന്തിമ തീരുമാനം എടുക്കുമെന്ന് ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വളം വച്ചുകൊടുക്കുന്ന പാകിസ്താനെ ലോകകപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഐ.സി.സിക്ക് കത്തയക്കാനുള്ള തീരുമാനം ബി.സി.സി.ഐ വേണ്ടെന്നുവച്ചു.

അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കളിക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ച് ഐ.സി.സിക്ക് കത്തയക്കുമെന്നും വിനോദ് റായ് വ്യക്തമാക്കി. ജൂണ്‍ 16-നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് മത്സരം.

ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും രംഗത്തെത്തി. ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള നീക്കം ചിരവൈരികളായ പാകിസ്താനെ ലോകകപ്പില്‍ സഹായിക്കുക മാത്രമേ ചെയ്യൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നതു കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഹര്‍ഭജന്‍ സിങ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങളും ബി.സി.സി.ഐയിലെ ഒരു വിഭാഗവും ഇന്ത്യ, പാകിസ്താനെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. 

2012 മുതല്‍ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. 2007-ലാണ് ഇരു ടീമുകളും അവസാനമായി ഒരു പരമ്പര കളിച്ചത്.

Content Highlights: no decision on india pakistan world cup clash yet coa