ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ അമിത് ഭണ്ഡാരിക്കെതിരേ ഗുണ്ടാ ആക്രമണം. ഡെല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട്‌സ് ക്രിക്കറ്റ് അസോസിയേഷന്‍ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് അമിത് ഭണ്ഡാരി.

സെന്റ് സ്റ്റീഫന്‍സ് ഗ്രൗണ്ടില്‍ നടന്ന ഡെല്‍ഹിയുടെ അണ്ടര്‍ 23 ടീമിന്റെ സെലക്ഷന്‍ ട്രയല്‍സിനിടെയായിരുന്നു അജ്ഞാതസംഘത്തിന്റെ ആക്രമണം. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടിയുള്ള ഡല്‍ഹി ടീമിന്റെ സെലക്ഷനായിരുന്നു ഗ്രൗണ്ടില്‍ നടന്നിരുന്നത്.

ട്രയല്‍സ് നടക്കുമ്പോള്‍ ആദ്യം ഒരു കൂട്ടം ആളുകള്‍ എത്തി അമിത് ഭണ്ഡാരിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് മറ്റൊരു സംഘം ഇരുമ്പ് ദണ്ഡ്, ഹോക്കി സ്റ്റിക്ക്, സൈക്കിള്‍ ചെയിന്‍ എന്നിവയുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഡല്‍ഹി അണ്ടര്‍ 23 ടീം മാനേജര്‍ ശങ്കര്‍ സെയ്‌നി പറഞ്ഞു. അക്രമിസംഘം മറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി സെയ്‌നി പറഞ്ഞു. അക്രമം നടക്കുമ്പോള്‍ ഡല്‍ഹി സീനിയര്‍ ടീമിന്റെ പരിശീലകന്‍ മിഥുന്‍ മന്‍ഹാസും ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു.

ആക്രമണത്തില്‍ കാലിനും തലയ്ക്കും ചെവിക്കും പരിക്കേറ്റ അമിത് ഭണ്ഡാരിയെ സന്ത് പരമാനന്ദ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനുശേഷം അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

അണ്ടര്‍ 23 ടീമില്‍ സെലക്ഷന്‍ ലഭിക്കാതിരുന്ന ഒരു കളിക്കാരനാണ് ഈ ആക്രമണിന് പിറകിലെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യയ്ക്കുവേണ്ടി രണ്ട് ഏകദിനങ്ങള്‍ കളിച്ച താരമാണ് അമിത് ഭണ്ഡാരി. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കുവേണ്ടി നൂറോളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

Content Highlights: Former Indian Bowler Amit Bhandari Attacked Delhi U 23 Cricket Team Syed Mushtaq Ali Trophy