News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

പുല്‍വാമ ഭീകരാക്രമണം: ഇന്ത്യാ-പാക് ബന്ധം അപകടകരമായ രീതിയിലെന്ന് ട്രംപ് ; സമാധാനം ഉണ്ടാക്കാന്‍ തങ്ങളുടെ ഇടപെടാമെന്ന് അമേരിക്ക

featured image
uploads/news/2019/02/290005/donaldtrump.jpg

വാഷിംഗ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തോടെ വഷളായി മാറിയ ഇന്ത്യാ - പാകിസ്താന്‍ ബന്ധത്തിലേക്ക് അമേരിക്കന്‍ ഇടപെടല്‍. ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ അപകടരമായ സാഹചര്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണം സ്ഥിതി വഷളാക്കിയെന്നും ഈ സാഹചര്യം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെടാന്‍ തയ്യാറാണെന്നും പറഞ്ഞു.

സംഭവത്തില്‍ 40 സൈനികരുടെ ജീവന്‍ നഷ്ടമായ ഇന്ത്യയുടെ വികാരം മനസ്സിലാക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഇന്ത്യാ-പാക് തര്‍ക്കം പരിഹരിക്കണമെന്നാണ് അമേരിക്കയ്ക്ക് ആഗ്രഹമെന്നും അതിനായി അമേരിക്ക മുന്‍കയ്യെടുക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നതായും മേഖലയില്‍ സമാധാനം പുലരേണ്ടതുണ്ടെന്നും ഓവല്‍ ഓഫീസില്‍ നടന്ന മാധ്യമസമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള അനേകം കാരണങ്ങളാണ് ഇത്തരം ഒരു സ്ഥിതിയില്‍ എത്തിച്ചത്. സ്ഥിതി അപകടകരമായ നിലയിലേക്ക് വളരുകയാണ്. അനേകരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഈ സ്ഥിതി അവസാനിപ്പിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണം. നേതാക്കളും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളിലൂടെ പാകിസ്താനുമായുള്ള ബന്ധം അമേരിക്ക മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. നല്‍കി വന്നിരുന്ന 1.3 ബില്യണ്‍ ഡോളറിന്റെ സഹായം നിര്‍ത്തിയപ്പോഴും അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് കീഴില്‍ പാകിസ്താന്‍ വലിയ നേട്ടങ്ങളാണ് പറ്റിയിരുന്നത്. എന്നാല്‍ ഈ രീതിയില്‍ പോകുന്ന ഒരു രാജ്യത്തിനെ സഹായിക്കേണ്ട എന്ന നിലപാടിലാണ് വര്‍ഷം 1.3 ബില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സഹായം നിര്‍ത്തലാക്കിയതെന്നും ട്രംപ് പറഞ്ഞു.

പുല്‍വാമയിലെ ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലും ഇന്നലെ അപലപിച്ചിരുന്നു. നീചവും ഭീരുത്വവുമായ നടപടി എന്നായിരുന്നു ജമ്മു കശ്മീരില്‍ നടന്ന ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരാക്രമണത്തെ അത് വിശേഷിപ്പിച്ചത്. ഫെബ്രുവരി 14 നായിരുന്നു ചാവേര്‍ ആക്രമണത്തില്‍ 78 സിആര്‍പിഎഫ് ഭടന്മാര്‍ സഞ്ചരിച്ച ബസിന് നേരെ സ്‌ഫോടക വസ്തു നിറച്ച വാഹനം ജെയ്‌ഷെ ഭീകരന്‍ ഇടുപ്പിച്ച് സ്‌ഫോടനം നടത്തിയത്. 40 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്്.

No comments:

Post a Comment