മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23-ന് ആരംഭിക്കുന്ന ഐ.പി.എല്ലില്‍ പതിവു രീതിയിലുള്ള വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കി.

വന്‍ തുക ചിലവഴിച്ചാണ് ഓരോ സീസണിലും ഉദ്ഘാടന ചടങ്ങുകള്‍ നടത്താറുള്ളത്. ഇത്തവണ ഇതിനായി നീക്കിവെക്കുന്ന തുക പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബത്തിന് നല്‍കാനാണ് തീരുമാനം. സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ ഇടക്കാല ഭരണസിമിതിയുടെ (സി.ഒ.എ) യോഗത്തിലാണ് ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങ് ആര്‍ഭാടം ഒഴിവാക്കി ലളിതമായി രീതിയില്‍ നടത്താന്‍ തീരുമാനിച്ചത്.

സി.ഒ.എ തലവന്‍ വിനോദ് റായിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം 20 കോടി രൂപയാണ് ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങിനായി ചിലവഴിച്ചിരുന്നത്. മാര്‍ച്ച് 23-ന് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോടെ ഇത്തവണത്തെ ഐ.പി.എല്ലിന് തുടക്കമാകും. 

Content Highlights: no regular opening ceremony for ipl amount to be donated to families of martyrs