പാല്‍ഖര്‍: മുന്‍കാല സുഹൃത്തിനെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റുചെയ്തു. ഫൈസല്‍ സൈഫി (23) ആണ് അറസ്റ്റിലായത്. ഫെബ്രുവരി പത്തിന് രാത്രിമുതല്‍ 11 ന് പുലര്‍ച്ചെവരെ 21കാരിയെ പ്രതി പീഡനത്തിന് ഇരയാക്കിയെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

2017 മുതല്‍ 21കാരിയുമായി പ്രതിക്ക് അടുപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അക്കാലത്ത് ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ പ്രതി രഹസ്യമായി ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് അയാളെ യുവതി ഒഴിവാക്കി. അതിനുശേഷം സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പ്രതി ബ്ലാക്ക് മെയില്‍ ചെയ്യാറുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് വാഗ്ദാനംചെയ്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി പ്രതി യുവതിയെ ഫോണില്‍ വിളിച്ചു.

ഇതേത്തുടര്‍ന്ന് എത്തിയ യുവതിയെയാണ് ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി പീഡനത്തിന് ഇരയാക്കിയത്. ഫെബ്രുവരി 11 ന് രാവിലെയാണ് ഹോട്ടല്‍ മുറിയില്‍നിന്ന് പോകാന്‍ യുവതിയെ അനുവദിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് 21കാരി പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഫൈസല്‍ സൈഫിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: Youth held for raping ex-girl, Maharashtra