News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 12, 2019

കലിതുള്ളി കാലാവസ്ഥ, ചൂടിൽ വെന്തുരുകും; ലോകത്തെ ഞെട്ടിച്ച് ദുരന്ത മുന്നറിയിപ്പ്

featured image

ജനീവ∙ വരാനിരിക്കുന്ന അഞ്ചു വർഷം ലോകം കൊടുചൂടിലേക്കാണു നീങ്ങുന്നതെന്ന് റിപ്പോർട്ട്. 2019 മുതൽ 2023 വരെയുള്ള കാലയളവായിരിക്കും ചൂടിന്റെ കാര്യത്തിൽ പുതിയ ഉയരങ്ങൾ തേടുക. വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷന്റെ (ഡബ്ല്യുഎംഒ) നേതൃത്വത്തിൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയ 1850നു ശേഷം ഇന്നേവരെയുണ്ടായ ഏറ്റവും കാഠിന്യമേറിയ ചൂട് ഇക്കഴിഞ്ഞ നാലു വർഷങ്ങളിലായിരുന്നു. അതിൽത്തന്നെ 2016ലായിരുന്നു ഏറ്റവും കാഠിന്യമേറിയ ചൂട്. കാഠിന്യമേറിയ ചൂട് അനുഭവപ്പെട്ട വർഷങ്ങളിൽ 2018നു നാലാം സ്ഥാനമാണെന്നും ഡബ്ല്യുഎംഒയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട 20 വർഷങ്ങളും ഇക്കഴിഞ്ഞ 22 വർഷത്തിനിടെയാണുണ്ടായത്.

sun-heat-info

ലോകത്തു കഴിഞ്ഞ വർഷമുണ്ടായ കാലാവസ്ഥാ ദുരന്തങ്ങളുടെ (Weather extreme) പട്ടികയിൽ കേരളത്തിലെ വെള്ളപ്പൊക്കത്തെ ഉൾപ്പെടുത്തി 2018 നവംബറിൽ റിപ്പോർട്ട് പുറത്തിറക്കിയതിനു ശേഷമുള്ള ഡബ്ല്യുഎംഒയുടെ പ്രധാന പഠനങ്ങളിലൊന്നായിരുന്നു ഇത്. കലിഫോർണിയ, ഗ്രീസ് എന്നിവിടങ്ങളിലെ കാട്ടുതീ, ദക്ഷിണാഫ്രിക്കയിലെ വരൾച്ച തുടങ്ങിയവയും അന്നു പട്ടികയിൽപ്പെട്ടിരുന്നു. അപ്രതീക്ഷിതവും അസ്വാഭാവികവും പ്രവചനാതീതവും കാലംതെറ്റിയുമുള്ള കാലാവസ്ഥാ പ്രശ്നങ്ങളുടെ പട്ടികയാണ് തയാറാക്കിയത്. മുൻവർഷങ്ങളെ അപേക്ഷിച്ചുണ്ടായ ദുരന്തസമാനമായ കാലാവസ്ഥാ പ്രശ്നങ്ങളും പട്ടികയിൽ ഇടംപിടിച്ചു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

രാജ്യാന്തര തലത്തിൽ കാലാവസ്ഥ സംബന്ധിച്ചു ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെയും ആവാസവ്യവസ്ഥയെയും വരെ തകിടം മറിക്കുന്ന വിധമായിരുന്നു 2018ലെ കാലാവസ്ഥാ ദുരന്തങ്ങൾ. ലക്ഷക്കണക്കിനു പേരെയാണ് ഇതു ബാധിച്ചത്. ലോകത്തു ചൂടേറുന്നത് അപ്രതീക്ഷിതമായുണ്ടായ കാര്യമല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭൂമിക്കു ഭീഷണിയാകും വിധം താപനിലയിൽ വൻവർധനവാണ് വരുംവർഷങ്ങളിലുണ്ടാവുക. ഇക്കാര്യത്തിൽ വിവിധ രാജ്യങ്ങൾ ഭരണതലത്തിൽ തന്നെ നിർണായക തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥയുടെ കാര്യത്തിൽ മികച്ച പദ്ധതികൾ അടിയന്തരമായി നടപ്പാക്കേണ്ട സമയമായെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും റിപ്പോർട്ടിന്മേലുള്ള പ്രതികരണമായി ട്വീറ്റ് ചെയ്തു.

മനുഷ്യന്റെ പ്രവർത്തനങ്ങൾ കാരണം റെക്കോർഡ് തലത്തിലാണു ലോകത്ത് ഹരിതഗൃഹവാതകങ്ങൾ പ്രതിദിനം സൃഷ്ടിക്കപ്പെടുന്നത്. ജൈവ ഇന്ധനങ്ങൾ കത്തിക്കുന്നതിൽ നിന്നാണ് ഇതിൽ ഭൂരിപക്ഷവും. ഈ ഹരിതഗൃഹവാതകങ്ങളാണ് ചൂടിനെ ‘കുരുക്കിലാക്കി’ അന്തരീക്ഷത്തിൽ നിലനിർത്തുന്നതും. വ്യാവസായിക വിപ്ലവ കാലത്തേക്കാൾ രാജ്യാന്തര തലത്തിൽ ഉപരിതല താപനില കഴിഞ്ഞ വർഷം ഒരു ഡിഗ്രി സെൽഷ്യസ് വർധിച്ചതായാണ് ഡബ്ല്യുഎംഒ റിപ്പോർട്ടിലുള്ളത്.

NORWAY-ARCTIC-ENVIRONMENT-Whale
നോർവെയിലെ ആർടിക് പ്രദേശത്തു നിന്നുള്ള കാഴ്ച. ആർടിക്–അന്റാർടിക് മേഖലയും ആഗോളതാപനത്തിന്റെ ഭീഷണി നേരിടുകയാണ്

യുഎസ്, ബ്രിട്ടിഷ്, യൂറോപ്യൻ, ജാപ്പനീസ് കാലാവസ്ഥാ ഏജൻസികളിൽ നിന്നുള്ള വിവരം ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. യുഎസ് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ), നാസ എന്നിവ ഉൾപ്പെടെ അഞ്ച് ഏജൻസികൾ ഡേറ്റ കൈമാറി. ഓരോ വർഷത്തെയും താപനിലയിലുണ്ടാകുന്ന വ്യതിചലനത്തേക്കാൾ ആഗോളതലത്തിൽ വർഷങ്ങളായി തുടരുന്ന വ്യതിയാനമാണ് ഗവേഷകർ കൂടുതൽ ആശങ്കയോടെ കാണുന്നത്. അതാകട്ടെ ഭയപ്പെടുത്തും വിധം ഓരോ വർഷവും വർധിക്കുകയുമാണ്. ആഗോളതാപനത്തിന്റെ ഭീഷണിയെത്തുടർന്ന് രൂപം കൊടുത്ത പാരിസ് ഉടമ്പടിയും ഫലപ്രദമായില്ലെന്നാണു വിലയിരുത്തൽ.

ഇരുനൂറോളം രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നു. ജൈവഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുകയും അതുവഴി ആഗോളതാപനിലയിലെ വർധന വ്യാവസായിക വിപ്ലവ കാലത്തേക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മാത്രം ഉയരാൻ അനുവദിക്കുകയും ചെയ്യുകയാണ് ഉടമ്പടിയുടെ ലക്ഷ്യം. കഠിനമായി പരിശ്രമിച്ചാല്‍ ഇത് 1.5 ഡിഗ്രിയിലേക്കു താഴ്ത്താമെന്നും 2015ൽ ഒപ്പിട്ട ഉടമ്പടിയിൽ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത 30 വർഷം കൊണ്ടാണ് സാധ്യമാക്കേണ്ടത്. എന്നാൽ നിലവിലെ സാഹചര്യം തുടർന്നാൽ 2100 ആകുമ്പോഴേക്കും താപനിലയിൽ മൂന്ന് ഡിഗ്രി സെൽഷ്യസോ അതിലേറെയോ വർധന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 2030നും 2052നും ഇടയ്ക്ക് പലപ്പോഴായി 1.5 ഡിഗ്രിയെന്ന അളവുകോലിനെ മറികടന്ന് ആഗോളതാപനില കുതിച്ചു കയറാമെന്നും യുഎന്നിന്റെ റിപ്പോർട്ടിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. സൗരവാതം, കൊടുങ്കാറ്റ്, വരൾച്ച, കരയിടിച്ചിൽ, വംശനാശം, സമുദ്രജലനിരപ്പ് ഉയരൽ തുടങ്ങി വൻ ദുരന്തങ്ങളും ഇത്തരം സാഹചര്യത്തിലുണ്ടാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു.

വർഷങ്ങളായി തുടരുന്ന ആഗോളതാപനത്തിന്റെ തിരിച്ചടികൾ ഇതിനോടകം പലയിടത്തും പ്രകടമായിക്കഴിഞ്ഞു. തീരമേഖലകളിലെ വെള്ളപ്പൊക്കം, സൗരവാതം, കൊടുംമഴ, ആവാസവ്യസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഉദാഹരണം. കഴിഞ്ഞ വർഷം യുഎസിനു മാത്രം നേരിടേണ്ടി വന്നത് 14 കാലാവസ്ഥാ ദുരന്തങ്ങളാണ്. ഓരോന്നും സൃഷ്ടിച്ചത് 100 കോടി ഡോളറിന്റെ നാശനഷ്ടം. ചുഴലിക്കാറ്റും കാട്ടുതീയുമെല്ലാം ഉൾപ്പെടെയാണിത്. 2019ലും സ്ഥിതി വ്യത്യസ്തമല്ല. വർഷം ആരംഭിച്ചതു തന്നെ ഓസ്ട്രേലിയയിൽ നിന്നു കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വാർത്തയുമായിട്ടായിരുന്നു. ഇക്കാലത്തിനിടെ ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ജനുവരിയാണു കടന്നു പോയത്. യുഎസിന്റെ പല ഭാഗങ്ങളിലും ആരെയും മരവിപ്പിക്കുന്ന കൊടുംതണുപ്പ് അനുഭവപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.

മനുഷ്യരുടെ പ്രവർത്തനം മൂലമല്ലാതെ എൽ നിനോ പോലുള്ള പ്രതിഭാസങ്ങളും കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാക്കാൻ പോന്നതാണ്. അതിനിടെയാണ് പാരിസ് ഉടമ്പടിയിൽ നിന്ന് യുഎസ് പിന്മാറാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തപ്പോഴും ആഗോളതാപനത്തെപ്പറ്റി ഒരു വാക്കുപോലും പ്രസിഡന്റ് ഡോണൾഡ് ട്രംപ് മിണ്ടിയില്ല. ‘കാലാവസ്ഥാ വ്യതിയാനം എന്ന പ്രശ്നം വരാനിരിക്കുന്നതല്ല, അത് നമുക്കു ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുകയാണ്’ എന്ന നെതർലൻഡ്‌സിലെ ഗ്ലോബൽ സെന്റർ ഓൺ അഡാപ്റ്റേഷൻ തലവൻ പാട്രിക് വെർക്കൂയ്‌യെന്നിന്റെ വാക്കുകളിൽത്തന്നെയുണ്ട് ലോകത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന ദുരന്തത്തെപ്പറ്റിയുള്ള സൂചനകൾ.  

No comments:

Post a Comment

Post Top Ad

Your Ad Spot

Pages