News Aggregation Website In Malayalam News From Different Online Sources

Breaking

Friday, February 22, 2019

മേലുദ്യോഗസ്‌ഥര്‍ക്കു വട്ടിപ്പലിശയ്‌ക്കു പണം കൊടുക്കുന്ന കണ്ടക്‌ടര്‍ സ്‌റ്റേഷന്‍ മാസ്‌റ്ററായി, തച്ചങ്കരിയെ പടിയിറക്കിയ കെ.എസ്‌.ആര്‍.ടി.സി.യില്‍ സി.ഐ.ടി.യു. ഭരണം, നേതാക്കള്‍ക്ക് ശമ്പളത്തോടെ ‘വിശ്രമം’

featured image

കെ.എസ്‌.ആര്‍.ടി.സി.ഇ.എ. (സി.ഐ.ടി.യു) ആഹ്വാനം ചെയ്‌ത സേവ്‌ കെ.എസ്‌.ആര്‍.ടി.സി പ്രചാരണവും ബസ്‌ ഡേയും പൊളിഞ്ഞു പാളീസാവുകയും ചെയ്‌തു. ഏഴുകോടി രൂപ പ്രതിദിനവരുമാനം ലക്ഷ്യമിട്ടു പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ ബുധനാഴ്‌ച കിട്ടിയതു വെറും 5.56 കോടി രൂപ.

KSRTC

തിരുവനന്തപുരം : കെ.എസ്‌.ആര്‍.ടി.സി. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ രായ്‌ക്കുരാമാനം കണ്ടക്‌ടര്‍ സ്‌റ്റേഷന്‍ മാസ്‌റ്ററായി! മുഖ്യമന്ത്രിയുടെ ഓഫീസ്‌ ശിപാര്‍ശ ചെയ്‌തിട്ടെന്നു വ്യാജപ്രചാരണം. മേലുദ്യോഗസ്‌ഥര്‍ക്കു വട്ടിപ്പലിശയ്‌ക്കും അല്ലാതെയും പണം കടം കൊടുക്കുന്ന കണ്ടക്‌ടറാണു കഴിഞ്ഞദിവസം പൊടുന്നനേ അദര്‍ ഡ്യൂട്ടിയുടെ മറവില്‍ സ്‌റ്റേഷന്‍ മാസ്‌റ്ററായത്‌.

ടോമിന്‍ ജെ. തച്ചങ്കരി സി.എം.ഡി. സ്‌ഥാനത്തുനിന്നു പടിയിറങ്ങിയതിനു പിന്നാലെ, തട്ടിക്കൂട്ടിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തില്‍, കോര്‍പറേഷനില്‍ അദര്‍ഡ്യൂട്ടി സംവിധാനവും മടങ്ങിയെത്തി. തച്ചങ്കരി സി.എം.ഡിയായിരിക്കേ സ്‌ഥലംമാറ്റങ്ങളിലും സ്‌ഥാനക്കയറ്റങ്ങളിലും ഇടപെടുന്നതില്‍നിന്നു യൂണിയനുകളെ കര്‍ശനമായി വിലക്കിയിരുന്നു. അദ്ദേഹത്തെ തെറിപ്പിച്ചതോടെ ഭരണകാര്യങ്ങള്‍ വീണ്ടും സി.ഐ.ടി.യു. യൂണിയന്റെ നിയന്ത്രണത്തിലായി.

അദര്‍ ഡ്യൂട്ടിയുടെ പേരില്‍, ജോലിചെയ്യാതെ ശമ്പളം വാങ്ങിയിരുന്നവരെ തച്ചങ്കരി കൃത്യമായി ജോലിക്കയച്ചിരുന്നു. കോര്‍പറേഷന്റെ വരുമാനം വര്‍ധിക്കാനും അത്തരം നടപടികള്‍ സഹായകമായി. ആവശ്യമുള്ളതിന്റെ നാലിരട്ടിപ്പേര്‍ അദര്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടതോടെയാണു മുമ്പു വന്‍തോതില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കേണ്ടിവന്നത്‌. അതു കോര്‍പറേഷനെ നഷ്‌ടത്തിലേക്കു നയിച്ചു.

തച്ചങ്കരി പടിയിറങ്ങിയതോടെ, "വിയര്‍പ്പിന്റെ അസുഖമുള്ള" കണ്ടക്‌ടര്‍മാര്‍ വീണ്ടും അദര്‍ ഡ്യൂട്ടി സംഘടിപ്പിച്ച്‌ സ്‌റ്റേഷന്‍ മാസ്‌റ്റര്‍മാരായും ചീഫ്‌ ഓഫീസിലുമൊക്കെ കയറിപ്പറ്റിത്തുടങ്ങി. അദര്‍ ഡ്യൂട്ടിക്കായി മുഖ്യമന്ത്രിയുടെ ഓഫീസ്‌ ആരെയും ശിപാര്‍ശ ചെയ്‌തിട്ടില്ലെന്നിരിക്കേയാണ്‌, ആ പേരു പറഞ്ഞ്‌ സിറ്റി ഡിപ്പോയില്‍ കണ്ടക്‌ടറെ സ്‌റ്റേഷന്‍ മാസ്‌റ്ററാക്കിയത്‌.

കെ.എസ്‌.ആര്‍.ടി.സി.ഇ.എ. (സി.ഐ.ടി.യു) ആഹ്വാനം ചെയ്‌ത സേവ്‌ കെ.എസ്‌.ആര്‍.ടി.സി പ്രചാരണവും ബസ്‌ ഡേയും പൊളിഞ്ഞു പാളീസാവുകയും ചെയ്‌തു. ഏഴുകോടി രൂപ പ്രതിദിനവരുമാനം ലക്ഷ്യമിട്ടു പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ ബുധനാഴ്‌ച കിട്ടിയതു വെറും 5.56 കോടി രൂപ. അതിനു മുമ്പത്തെ ബുധനാഴ്‌ച 6.05 കോടിയായിരുന്നു വരുമാനം. തച്ചങ്കരി സി.എം.ഡിയായിരിക്കേ, കഴിഞ്ഞ ജനുവരി ഏഴിനു ലഭിച്ച 8.54 കോടി രൂപയാണു റെക്കോഡ്‌ വരുമാനം. നാലായിരത്തോളം എമ്പാനല്‍ ജീവനക്കാര്‍ പുറത്താക്കപ്പെടുകയും ആയിരത്തോളം ബസുകള്‍ സര്‍വീസ്‌ നടത്താതിരിക്കുകയും ചെയ്‌ത സാഹചര്യത്തിലായിരുന്നു ആ നേട്ടം.

സമരം നടത്തുന്ന എമ്പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാമെന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ എ. വിജയരാഘവന്‍ ഇന്നലെ ഉറപ്പുനല്‍കിയതു ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടാണ്‌. ആലുവയില്‍ നടന്ന കെ.എസ്‌.ആര്‍.ടി.സി.ഇ.എ. സംസ്‌ഥാനയോഗത്തില്‍ എമ്പാനലുകാര്‍ക്ക്‌ അനുകൂലമായ പ്രഖ്യാപനം നടത്താന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍, സംഘടനയുടെ മുന്‍നേതാവ്‌ കെ.കെ. ദിവാകരനെതിരേ എമ്പാനല്‍ കൂട്ടായ്‌മയുടെ ഒരു നേതാവ്‌ പരസ്യവിമര്‍ശനം നടത്തിയതോടെ തീരുമാനം നീണ്ടു.

ഇതോടെ സമരം ശക്‌തമാക്കാനും മുഖ്യമന്ത്രിയുടെ വസതിയിലേക്ക്‌ ഇന്നലെ മാര്‍ച്ച്‌ നടത്താനും എമ്പാനല്‍കാര്‍ തീരുമാനിച്ചു. ഇതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചതോടെയാണ്‌ എമ്പാനലുകാരെ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ ചര്‍ച്ചയ്‌ക്കു വിളിച്ചത്‌. അനുകൂലതീരുമാനം ഉണ്ടാകുമെന്ന ഉറപ്പില്‍ എമ്പാനലുകാര്‍ മാര്‍ച്ചില്‍നിന്നു പിന്മാറുകയും ചെയ്‌തു. തച്ചങ്കരിയെ തെറിപ്പിക്കാന്‍ ഒറ്റക്കെട്ടായ തൊഴിലാളി സംഘടനകള്‍ കോര്‍പറേഷനില്‍ ഹിതപരിശോധന അടുത്തതോടെ വീണ്ടും ചേരിതിരിഞ്ഞു തുടങ്ങി. സി.ഐ.ടി.യുവിന്റെ ബസ്‌ ഡേ ആചരണത്തെ വിമര്‍ശിച്ച്‌ ഐ.എന്‍.ടി.യു.സി. രംഗത്തെത്തി.

ഡ്രൈവേഴ്‌സ്‌ യൂണിയനും സി.ഐ.ടി.യുവിനോടുള്ള എതിര്‍പ്പ്‌ പരസ്യമാക്കി. ഹിതപരിശോധനയുടെ പശ്‌ചാത്തലത്തില്‍ സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും പരസ്‌പരമകന്നു. കിലോമീറ്റര്‍ വരുമാനം കുറഞ്ഞ 718 കെ.എസ്‌.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകളാണ്‌ ഇപ്പോള്‍ നിരത്തുകളിലുള്ളത്‌.

കണ്ടക്‌ടറില്ലാത്തതിനാല്‍ 800 ബസുകള്‍ ഡിപ്പോകളില്‍ വിശ്രമിക്കുന്നു. ആറ്റുകാല്‍ പൊങ്കാല ദിനമായിരുന്നിട്ടും തിരുവനന്തപുരത്തെ ഒരു ഡിപ്പോയില്‍ 700 രൂപ വരുമാനം ലഭിക്കാത്ത സര്‍വീസുണ്ട്‌.

ആര്‍. ചന്ദ്രബാബു കെ.എസ്‌.ആര്‍.ടി.സി. സ്‌പെഷല്‍ ഓഫീസര്‍

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആര്‍. ചന്ദ്രബാബുവിനെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ച്‌ മാനേജിങ്‌ ഡയറക്‌ടര്‍ എം.പി. ദിനേശ്‌ ഉത്തരവിറക്കി.

ഷെഡ്യൂളുകളും സര്‍വീസുകളും വരുമാനം കൂട്ടുന്ന വിധത്തിലും പരമാവധി യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്ന തരത്തിലും പുനഃക്രമീകരിക്കുകയാണു ചുമതല. ഡീസല്‍ ഇനത്തില്‍ മാത്രം വന്‍നഷ്‌ടമാണ്‌ ഇപ്പോള്‍ കോര്‍പറേഷന്‍ നേരിടുന്നത്‌. അതിനു പരിഹാരമായി, വരുമാനം കുറഞ്ഞ 500 ബസുകള്‍ പരമാവധി വരുമാനം കിട്ടുന്നവിധത്തില്‍ സംസ്‌ഥാനത്തൊട്ടാകെ പുനര്‍വിന്യസിക്കും.

12 മണിക്കൂര്‍ സ്‌പ്രെഡ്‌ ഓവറില്‍ രണ്ടു സ്‌പെല്ലുകളുള്ള സിംഗിള്‍ ഡ്യൂട്ടികളായി ക്രമീകരിക്കാന്‍ മേഖലാ അധികാരികളെയും യൂണിറ്റ്‌ അധികാരികളെയും ചുമതലപ്പെടുത്തി. സിംഗിള്‍ ഡ്യൂട്ടിയുടെ സ്‌പ്രെഡ്‌ ഓവര്‍ പരമാവധി 12 മണിക്കൂറായിരിക്കും. എട്ടുമണിക്കൂറില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടിവന്നാല്‍, ശമ്പളാടിസ്‌ഥാനത്തില്‍ അധികമണിക്കൂറിന്‌ അധികവേതനം നല്‍കും.

ദിവസവേതനാടിസ്‌ഥാനത്തില്‍ സേവനമനുഷ്‌ഠിക്കുന്ന ജീവനക്കാര്‍ക്ക്‌ ശമ്പളത്തിന്‌ ആനുപാതികമായ തുക മണിക്കൂറിന്‌ കണക്കാക്കി നല്‍കും. ഓരോ യൂണിറ്റിലും ക്രമീകരിക്കേണ്ട ഷെഡ്യൂളുകളുടെ എണ്ണവും നിശ്‌ചയിച്ചു.വരുമാനവര്‍ധന മാത്രം മുന്നില്‍ക്കണ്ടാകണം ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കേണ്ടതെന്ന്‌ എം.ഡി. നിര്‍ദേശിച്ചു.

ജി. അരുണ്‍

No comments:

Post a Comment