News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Feb 1, 2019

ദാ വന്നു പുതിയ പാത, ദേ പോയി പഴയ പാത; ബജറ്റിലെ നടക്കാത്ത സ്വപ്നങ്ങള്‍

featured image

തിരുവനന്തപുരം ∙ തിരുവനന്തപുരം - കാസര്‍കോട് യാത്ര നാല് മണിക്കൂറായി ചുരുക്കുന്ന, മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ സഞ്ചരിക്കുന്ന തെക്ക് വടക്ക് സമാന്തര റെയില്‍ പാതാ പദ്ധതി ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിക്കുമ്പോള്‍, 2010 ലെ ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍പാതാ പദ്ധതി ഉപേക്ഷിച്ച് രണ്ടാഴ്ച പിന്നിടുന്നതേയുള്ളൂ.

ജനുവരി 10ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. തിരക്കുള്ള സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങളിലൂടെ രണ്ടുവരിയായി നിര്‍മിക്കുന്ന 515 കിലോമീറ്റര്‍ തെക്ക് വടക്ക് സമാന്തര റെയില്‍ പാതയുടെ ചെലവ് 46,769 കോടി രൂപയാണ്. 526 കിലോമീറ്ററില്‍ വിഭാവനം ചെയ്ത അതിവേഗപാതയുടെ ചെലവ് 1.2 ലക്ഷം കോടി രൂപയായിരുന്നു. 

റെയില്‍വേയ്ക്കും കേരള റെയില്‍ വികസന കോര്‍പ്പറേഷനുമാണ് തെക്കു വടക്ക് സമാന്തര റെയില്‍ പാതയുടെ ചുമതല. അതിവേഗ റെയില്‍ കോര്‍പ്പറേഷനായിരുന്നു പൂട്ടിയ അതിവേഗ റെയില്‍ പാതാ പദ്ധതിയുടെ ചുമതല. പദ്ധതി അവസാനിപ്പിച്ചതിനെത്തുടര്‍ന്ന്, അതിവേഗ റെയില്‍ കോര്‍പ്പറേഷനിലെ ആറു താല്‍ക്കാലിക ജീവനക്കാര്‍ ഓഫീസ് ഒഴിയാനുള്ള തയാറെടുപ്പിലാണ്.

ഇതുവരെ പദ്ധതിക്കായി ചെലവാക്കിയത് 90 കോടിരൂപ. അതിവേഗ പാതയെന്ന നടക്കാത്ത സ്വപ്നത്തിനു പിന്നാലെയാണ് തെക്കു വടക്ക് സമാന്തര റെയില്‍ പാതയുടെയും സഞ്ചാരമെന്നു മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടും വര്‍ധിച്ച ചെലവും പദ്ധതി മുന്നോട്ടു പോകുന്നതിനു തടസമാണ്.

ഇത് അടിമുടി പ്രളയ ബജറ്റ്, വിഡിയോ സ്റ്റോറി കാണാം

പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നടത്താന്‍ സംസ്ഥാന ധനമന്ത്രിക്ക് അധികാരമില്ലെന്നും, റെയില്‍വേയ്ക്കാണ് അധികാരമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. സാധ്യതാ പഠനത്തിന്റെ ഘട്ടത്തിലുള്ള പദ്ധതി 2020ല്‍ നിര്‍മാണം ആരംഭിക്കുമെന്ന് ധനമന്ത്രി എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നും അവര്‍ ചോദിക്കുന്നു.

'തിരുവനന്തപുരം - കാസര്‍കോട് അതിവേഗ റെയില്‍ കോറിഡോറിന്റെ പഠനം പൂര്‍ത്തിയാക്കി കമ്പനി രൂപീകരിക്കും' - 2010-11 ലെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചതോടെയാണ് അതിവേഗപാതയെന്ന ആശയം ചര്‍ച്ചയാകുന്നത്. 2011ല്‍ ഇതിനായി അതിവേഗ റെയില്‍ കോര്‍പ്പറേഷനെന്ന പേരില്‍ ഓഫിസ് രൂപീകരിച്ചു.

പഠനത്തിന്റെ ചുമതല ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍)ക്കായിരുന്നു. 1.2 ലക്ഷം കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. പദ്ധതിയുടെ പ്രാഥമിക ചിലവ് 77,000 കോടിരൂപ. നികുതി അടക്കം 90,000 കോടിയാകുമെന്നും 9 വര്‍ഷം കൊണ്ടു പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ ചെലവ് 1,20,000 കോടിയായി ഉയരാമെന്നും 2016ലെ ഡിഎംആര്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തോട് എന്തിനീ ക്രൂരത– ഐസക്, വിഡിയോ സ്റ്റോറി കാണാം

പദ്ധതി നടപ്പിലാക്കാന്‍ വേണ്ടത് 600 ഹെക്ടര്‍ഭൂമിയായിരുന്നു. വിദേശ വായ്പ ഉപയോഗിച്ച് റെയില്‍പാത നിര്‍മിക്കാമെന്ന നിര്‍ദേശമാണ് ഡിഎംആര്‍സി മുന്നോട്ടുവച്ചത്. എന്നാല്‍ ഡിഎംആര്‍സിയുടെ വിവിധ പഠനങ്ങള്‍ക്കുശേഷം വിദേശ ഏജന്‍സിയെ പഠനത്തിനായി നിയോഗിച്ചു. പിന്നീട് പദ്ധതി സര്‍ക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു. സ്ഥലമേറ്റെടുക്കലും ഉയര്‍ന്ന ചെലവുമാണ് പദ്ധതി അവസാനിപ്പിക്കാന്‍ കാരണമായി പറഞ്ഞത്.

അതേ ദിശയിലാണ് തെക്ക് വടക്ക് സമാന്തര റെയില്‍ പാതാ പദ്ധതിയും സഞ്ചരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 297 കിലോമീറ്റര്‍ തൂണിലൂടെയായിരുന്നു അതിവേഗ റെയില്‍പാത വിഭാവനം ചെയ്തിരുന്നത്. 126 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെ. ശേഷിക്കുന്നദൂരം നിലവിലെ ട്രാക്കിന് സമാന്തരമായി. ട്രാക്കിന് 20 മീറ്റര്‍ വീതി.

കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ റെയില്‍വേയുമായി ചേര്‍ന്നു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന തെക്കു വടക്ക് സമാന്തര റെയില്‍ പാതയുടെ ചെലവ് 46,769 കോടിരൂപയാണ്. കിലോമീറ്ററിന് 90 കോടിയാണ് ചെലവ്. തൂണുകള്‍ക്ക് മുകളിലുള്ള പാതയിലൂടെ 180 കിലോമീറ്റര്‍ വേഗതയില്‍ ട്രയിനുകള്‍ക്ക് സഞ്ചരിക്കാം. നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോടെത്താം. 

നിലവിലുള്ള റെയില്‍ പാതയുമായി തിരുവനന്തപുരത്തും കാസര്‍കോടും മാത്രമേ പുതിയ റെയില്‍പാത ബന്ധപ്പെടൂ. വിശദമായ പഠനത്തിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നു. ജപ്പാന്‍ വായ്പയുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ആലോചന. എന്നാല്‍ 2020ല്‍ റെയില്‍പാതയുടെ നിര്‍മാണം ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനം, പ്രഖ്യാപനമായിതന്നെ ഒതുങ്ങുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. തൂണുകളില്‍ ഉയര്‍ത്തിയ 515 കിലോമീറ്റര്‍ പാത നിര്‍മിക്കുന്നത് കടക്കെണിയില്‍പ്പെട്ട കേരളത്തിനു കൂടുതല്‍ ബാധ്യതയാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

No comments:

Post a Comment

Post Top Ad

Your Ad Spot

Pages