ഗുവാഹത്തി: അസമിലെ ഗൊലഘട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ഏഴ് സ്ത്രീകളടക്കം മുപ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അതേ സമയം അമ്പതിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

വിഷ മദ്യ ദുരന്തത്തില്‍ മുപ്പതിലധികം പേര്‍ മരിച്ചതിനെത്തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അസം മുഖ്യമന്ത്രി ഉത്തരവിട്ടു. സംഭവത്തിൽ ജില്ലയിലെ രണ്ട് എക്‌സൈസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. 

വ്യാഴാഴ്ച രാത്രി ഗൊലാഘട്ട് സിവില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ പന്ത്രണ്ട് പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് രാത്രി വൈകി മൂന്ന് പേരും പതിനഞ്ച് പേര്‍ വെള്ളിയാഴ്ചയുമാണ് മരിച്ചത്. 

സാലിമിറ തേയില തോട്ടത്തിലെ നൂറിലധികം തൊഴിലാളികള്‍ ഒരു കച്ചവടക്കാരനില്‍ നിന്ന് തന്നെ വ്യാജമദ്യം വാങ്ങുകയായിരുന്നൂവെന്നാണ് കരുതുന്നതെന്ന് ബി.ജെ.പി. എം എല്‍.എ. മൃണാള്‍ സായ്കിയ പറഞ്ഞു. 

 Content Highlights: Thirty die after consuming spurious liquor in Assam