തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച് സംസാരിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരേ സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തു. വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

കഴിഞ്ഞദിവസം മൂന്നാറിലെ അനധികൃത നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വച്ചാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നും വെറും ഐ.എ.എസ്. കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എല്‍.എയുടെ വിവാദ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് വാര്‍ത്തയാവുകയും ചെയ്തു. ഇതോടെ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട എം.എല്‍.എ. പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. 

അതിനിടെ മൂന്നാര്‍ പഞ്ചായത്തിലെ കൈയേറ്റം സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് സബ് കളക്ടര്‍ എ.ജിക്ക് കൈമാറിയിരുന്നു. അനധികൃത നിര്‍മാണം തടഞ്ഞത് കോടതി വിധിയുടെ ലംഘനമാണെന്നും അതിനാല്‍ നിര്‍മാണം തടഞ്ഞത് കോടതിയലക്ഷ്യ നടപടിയായി കാണണമെന്നും സബ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് ഉദ്യോഗസ്ഥകെ തടഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, എം.എല്‍.എ. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച കാര്യം സബ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 

Content Highlights: renu raj ias controversy; state women commission registered case against s rajendran mla