ഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവിക മരണമായിരുന്നുവെന്നും തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുംബൈയിലെ വസതിയില്‍ നിന്ന് നടന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തില്‍ പോലീസ് മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുകയായിരുന്നു. എന്നാല്‍ സ്വാഭാവിക മരണമെന്നു തെളിയിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച്ച വീട്ടിലെ ജോലിക്കാരി ഫ്‌ളാറ്റിനു മുന്നില്‍ ചെന്ന് ഏറെ നേരം ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. ഒടുവില്‍ വെര്‍സോവ് പോലീസില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി അഗ്നിശമനസേനയുടെ സഹായത്തോടെ അകത്തു കടക്കുകയായിരുന്നു. അങ്ങനെയാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള ശരീരം കണ്ടെടുക്കുന്നത്. ട്രാക്ക് സ്യൂട്ടായിരുന്നു വേഷം. ശരീരത്തിനു സമീപത്തു നിന്നും മദ്യക്കുപ്പികളും ഏതാനും പ്ലേറ്റുകളും പോലീസ് കണ്ടെടുത്തു. ഇതിലൂടെ ഭക്ഷണം കഴിച്ച ശേഷമായിരിക്കാം മരണം സംഭവിച്ചതെന്ന് പോലീസ് വിലയിരുത്തുന്നു. ഫോണിലെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളില്‍ നിന്നും മരണം ഏകദേശം വ്യാഴമോ വെള്ളിയോ സംഭവിച്ചതാകാമെന്ന് പോലീസ് കരുതുന്നു. ഫ്‌ളാറ്റിനു പുറത്ത് തുറക്കാത്ത രണ്ട് ടിഫിന്‍ ബോക്‌സുകളും കിടന്നിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഉഴറിയിരുന്ന നടന്‍ കടുത്ത മദ്യപാനിയുമായിരുന്നുവെന്ന് എ എന്‍ ഐ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭാര്യ മോസ്‌കോയിലായിരുന്നതിനാല്‍ വെര്‍സോവയില്‍ കിനാര അപ്പാര്‍ട്ട്‌മെന്റ്‌സില്‍ മഹേഷ് തനിച്ചാണ് താമസിച്ചിരുന്നത്. 

കഴിഞ്ഞ ജനുവരി 18ന് റിലീസായ രംഗീല രാജയിലാണ് മഹേഷ് അവസാനമായി അഭിനയിച്ചത്. നീണ്ട 18 വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണ് രംഗീല രാജയിലെത്തിയത്.

Content Highlights : Mahesh Anand passes away, Postmortem report, mahesh anand death