News Aggregation Website In Malayalam News From Different Online Sources

Breaking

Saturday, February 23, 2019

പുന്നയൂര്‍ പഞ്ചായത്തിലെ ഗ്രീന്‍ ഹാബിറ്റാറ്റ് ഹാച്ചറിയില്‍ നിന്ന് വിരിഞ്ഞിറങ്ങിയത് 81 കടലാമക്കുഞ്ഞുങ്ങള്‍

featured image

ഗ്രീന്‍ ഹാബിറ്റാറ്റിന്റെ വിശ്വാസ കരങ്ങള്‍ തേടി കരക്കണക്കഞ്ഞ് പഞ്ചാരമണലില്‍ മുട്ടകളിട്ട് കള്ളനും കാറ്റും ചതിക്കില്ലെന്ന വിശ്വാസത്തോടെ മടങ്ങിപ്പോയ കടലാമക്ക് തെറ്റിയില്ല. കൃത്യം 48 ആം ദിവസം ആ മുട്ടകള്‍ ഓരോന്നായി വിരിഞ്ഞു തുടങ്ങി. ആദ്യം ഒരാള്‍ പിന്നെ ഒന്നിനു പുറകെ ഒന്നായി കൂട്ടത്തോടെ എല്ലാവരും വിരിഞ്ഞിറങ്ങി.

പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ പഞ്ചവടി കടപ്പുറത്തെ ഗ്രീന്‍ ഹാബിറ്റാറ്റിന്റെ ഹാച്ചറിയില്‍ നിന്നാണ് ഈ സീസണില്‍ ആദ്യം കൂടുവച്ച കടലാമയുടെ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത്. എണ്‍പത്തിയൊന്ന് കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. ഗ്രീന്‍ ഹാബിറ്റാറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ടര്‍ട്ടില്‍ വാക്കിനിടെയാണ് ഫോട്ടൊ ഗ്രാഫറും ഗ്രീന്‍ ഹാബിറ്റാറ്റിന്റെ കടലാമ സംരക്ഷണ ഫീല്‍ഡ് ഓഫീസറുമായ സലീം ഐഫോക്കസ്, ഇജാസ് എന്നിവര്‍ കടലാമ കൂടുവക്കുന്നത് കണ്ടെത്തിയത്. തിരയില്‍ നിന്നു നാല്പതടിയോളം അകലെയാണ് കടലാമ കൂടുവച്ചത്.

1999 ജനുവരിയിലാണ് ഗ്രീന്‍ ഹാബിറ്റാറ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സ്‌കൂള്‍ ടീച്ചറുമായ എന്‍.ജെ.ജെയിംസിന്റെ നേതൃത്വത്തില്‍ എടക്കഴിയൂര്‍ കടപ്പുറത്ത് കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്ന ജീവി വര്‍ഗ്ഗമാണ് കടലാമകള്‍.

എന്നാല്‍ കടലാമകളുടെ മുട്ടകള്‍ കടപ്പുറത്ത് നിന്ന് ശേഖരിച്ച് പ്രദേശിക കടകളില്‍ വില്‍പ്പനക്ക് വക്കുന്നത് സാധാരണമായിരുന്നു. ഈ സമയത്താണ് ഈ പ്രവണതക്കെതിരെ പ്രദേശികമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് ഗ്രീന്‍ ഹാബിറ്റാറ്റ് രംഗത്ത് വന്നത്. പിന്നീട് മത്സ്യത്തൊഴിലാളികളും യുവജന സംഘടനകളം, ക്ലബ്ബുകളുമൊക്കെ പിന്തുണയുമായി എത്തുകയായിരുന്നു.

സാധാരണയായി നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് ഒലീവ് റിഡ്‌ലി വിഭാഗത്തില്‍പ്പെട്ട കടലാമകള്‍ പഞ്ചവടി കടപ്പുറത്ത് മുട്ടയിടാനെത്തുന്നത്. ഇപ്രാവശ്യം പ്രളയം മൂലം കടലാമകള്‍ മുട്ടയിടാനെത്താന്‍ വൈകിയിരുന്നു. ഈ സീസണില്‍ ജനുവരി നാലിനാണ് ആദ്യമായി കടലാമ മുട്ടയിടാനെത്തിയത്.
91 മുട്ടകളിട്ടാണ് അന്ന് കടലാമ മടങ്ങിയത്.

അതിനു ശേഷം ഇതുവരെ പുന്നയൂര്‍ പഞ്ചായത്തില്‍ ഇരുപത്തി അഞ്ചോളം കടലാമകള്‍ മുട്ടയിടാനായി എത്തിയതായി ഗ്രീന്‍ ഹാബിറ്റാറ്റ് കടലാമ സംരക്ഷണ ഫീല്‍ഡ് ഓഫീസര്‍ സലീം ഐഫോക്കസ് പറഞ്ഞു. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിണ്ട് ബുഷ്‌റ ഷംസുദ്ദീന്‍, സൊസൈറ്റി പ്രസിണ്ടണ്ട് കാട്ടി അബ്ദുറഹിമാന്‍, മെമ്പര്‍മാരായ അഷറഫ് മൂത്തേടത്ത്, ഷഹര്‍ബാന്‍, സുധീര്‍, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, ഡോ.രവിശങ്കര്‍, ഡോ.സെഹീര്‍ അബ്ദു, ജെയ്‌സണ്‍ എ.കെ, അലിമോന്‍ ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ ജെയിംസ്, സലീം ഐഫോക്കസ്, മറൈന്‍ ബയോളജിസ്റ്റ് ഡോ.സുജിത് സുന്ദരം, ഇജാസ്, സോഷ്യല്‍ ഫോറസ്റ്റര്‍ സജീവ് എന്നിവര്‍ കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കാന്‍ പഞ്ചവടി കടപ്പുറത്തെത്തിയിരുന്നു.

No comments:

Post a Comment