ന്യൂഡല്‍ഹി: വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടെ മുന്നില്‍ ഫെബ്രുവരി 25ന് മുമ്പായി ഹാജരാവണമെന്ന് ട്വിറ്റര്‍ സി.ഇഒയ്ക്ക് കര്‍ശന നിര്‍ദേശം. സമിതി ചെയര്‍മാനായ ബി.ജെ.പി എം.പി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി ട്വിറ്റര്‍ ഇന്ത്യയുടെ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നെങ്കിലും ഇവരെ യോഗത്തില്‍ പ്രവേശിപ്പിച്ചില്ല.  നേരത്തെ ഫെബ്രുവരി ഏഴിന് തീരുമാനിച്ചിരുന്ന യോഗം പിന്നീട് ഫെബ്രുവരി 11 ലേക്ക് മാറ്റുകയായിരുന്നു. 

അമേരിക്കന്‍ സ്വദേശിയായ ജാക്ക് ഡോഴ്‌സിയാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഇന്ത്യയുടെ സി.ഇ.ഒ. സാമൂഹിക മാധ്യമങ്ങളിലെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള പരാതിയിലാണ് ട്വിറ്റര്‍ തലവനോട് ഹാജരാവാന്‍ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ സമിതിക്ക് കത്തയച്ചിരുന്നു.

content highlights: Parliamentary panel summons Twitter CEO to appear before February 25