മോഡി സര്‍ക്കാര്‍ പകതീര്‍ക്കുന്നു: റോബര്‍ട്ട്‌ വാധ്ര

0
30
-
uploads/news/2019/02/287549/d7.jpg

ജയ്‌പുര്‍: തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ മോഡി സര്‍ക്കാര്‍ പകയോടെ പെരുമാറുകയാണെന്നും 75 വയസുകാരിയായ തന്റെ അമ്മയെപ്പോലും ഇതിനായി ബുദ്ധിമുട്ടിക്കുയാണെന്നും റോബര്‍ട്ട്‌ വാധ്‌ര. അമ്മ മൗറീനൊപ്പം ജയ്‌പുരില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇ.ഡി.) ചോദ്യം ചെയ്യലിനായി എത്തിയതായിരുന്നു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്‌രയുടെ ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വാധ്‌ര.

കമ്പനിയില്‍ സഹ ഉടമയായ മൗറീനു ചോദ്യം ചെയ്യലിനു നോട്ടീസ്‌ ലഭിച്ചിരുന്നു. ലണ്ടനിലെ സ്വത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ ചോദ്യം ചെയ്‌തതിനു പിന്നാലെയാണ്‌ ഇവരെ ജയ്‌പുരിലേക്കു വിളിപ്പിച്ചത്‌. യു.പിയിലെ റോഡ്‌ ഷോയ്‌ക്കു ശേഷം പ്രിയങ്കയും ഇവരുടെ അടുത്തെത്തി.

അമ്മയ്‌ക്കൊപ്പമാണു ജയ്‌പുരില്‍ മൊഴി കൊടുക്കാന്‍ എത്തിയതെന്നു വാധ്‌ര ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. “മകളും മകനും ഭര്‍ത്താവും നഷ്‌ടപ്പെട്ട ഒരു മുതിര്‍ന്ന സ്‌ത്രീയെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാരിന്റെ പ്രതികാരബുദ്ധി മനസിലാകുന്നില്ല.

മൂന്നു മരണങ്ങള്‍ക്കുശേഷം അമ്മയോട്‌ ആകെ ആവശ്യപ്പെട്ടത്‌ എന്റെയൊപ്പം ഓഫീസില്‍ എത്താനാണ്‌. അമ്മയെ മികച്ച രീതിയില്‍ സംരക്ഷിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും വേണ്ടിയായിരുന്നു ഇത്‌. ഇപ്പോള്‍ അതിന്റെ പേരില്‍ അവരെ ചോദ്യം ചെയ്യുകയാണ്‌.

ഇതും എന്നെ കരുത്തനാക്കും. ദൈവം ഞങ്ങള്‍ക്കൊപ്പമുണ്ട്‌.”- വാധ്‌ര കുറിച്ചു. അമ്മയോടൊപ്പമുള്ള ചിത്രവും പോസ്‌റ്റിലുണ്ട്‌. രാജസ്‌ഥാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്യലിന്‌ ഇരുവര്‍ക്കും നോട്ടീസ്‌ അയച്ചത്‌.

ബിക്കാനീറില്‍ പാക്‌ അതിര്‍ത്തിക്കു സമീപം സൈനിക ആവശ്യങ്ങള്‍ക്കായി നീക്കിവച്ച സ്‌ഥലം വ്യാജരേഖകള്‍ ചമച്ചു കുറഞ്ഞ വിലയ്‌ക്ക്‌ വാധ്‌രയുടെ സ്‌കൈലൈറ്റ്‌ ഹോസ്‌പിറ്റാലിറ്റി എന്ന കമ്പനി വാങ്ങിയെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണു ചോദ്യം ചെയ്യല്‍.

ഈ സ്‌ഥലം മറ്റൊരു കമ്പനിക്കു മറിച്ചുവിറ്റ്‌ കോടികള്‍ ലാഭമുണ്ടാക്കിയെന്നു പരാതിയില്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസി ഉള്‍പ്പെട്ട ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനു പ്രിയങ്ക ഇറങ്ങിയതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ തന്നെ ലക്ഷ്യം വയ്‌ക്കുകയാണെന്നും വാധ്‌ര ആരോപിച്ചു.

Sponsored