
പിണറായി
പ്രളയ ബാധിത മേഖലകളില്‍ ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളെ ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനുശേഷം എത്തിയ എന്‍ പ്രശാന്തിനെ ഉള്‍നാടന്‍ ജലഗതാഗത കോര്പ്പറേഷന് എംഡിയായി നിയമിക്കും. ഗതാഗത കമ്മീഷണര്‍ കെ പത്മകുമാറിനെ നീക്കി കോസ്റ്റല്‍ പൊലീസ് എഡിജിപി സുദേഷ് കുമാറിനെ നിയമിക്കും. നിലവിലെ ഗതാഗത കമ്മീഷണര്‍ കെ പത്മകുമാറിന് പകരം നിയമനവും നല്‍കും.
മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ,
തെരുവോര കച്ചവടക്കാരുടെ സംരക്ഷണത്തിന് പദ്ധതി സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ തെരുവോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുന്നതിനും തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനും തയ്യാറാക്കിയ പദ്ധതി വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചു. തെരുവോര കച്ചവടക്കാരുടെ (ജീവനോപാധി സംരക്ഷണവും കച്ചവട നിയന്ത്രണവും) നിയമം 2014-ലെ 38-ാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
ഈ പദ്ധതിയനുസരിച്ച് ഓരോ നഗര പ്രദേശത്തും തെരുവോര കച്ചവടക്കാര്‍ക്കു വേണ്ടി പ്രത്യേക മേഖല കണ്ടെത്തി അവിടെ കച്ചവടത്തിനുള്ള സൗകര്യം അതത് നഗരസഭകള്‍ ഒരുക്കേണ്ടതാണ്. തെരുവോര കച്ചവടക്കാരുടെ ജീവനോപാധി ഉറപ്പാക്കുക, അവരുടെ കച്ചവടത്തിന് സംരക്ഷണം നല്‍കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കച്ചവടക്കാരുടെ ക്ഷേമത്തിനുള്ള വിവിധ നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നതാണ്. നിയമപ്രകാരം രൂപീകരിക്കുന്ന ടൗണ്‍ വെണ്ടിംഗ് കമ്മിറ്റികള്‍ യഥാര്‍ത്ഥ തെരുവോര കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. നഗരസഭകളുടെ കീഴില്‍ വരുന്ന ഈ കമ്മിറ്റികളില്‍ തെരുവോര കച്ചവടക്കാര്‍ക്കും പ്രാതിനിധ്യമുണ്ടാകും. തെരുവോര കച്ചവടം ജീവനോപാധിയായിട്ടുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹത. മറ്റൊരിടത്തും കച്ചവടം ഉണ്ടാകാന്‍ പാടില്ല.
നിയമനങ്ങള്‍, മാറ്റങ്ങള്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ അധിക ചുമതല നല്കാന് തീരുമാനിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് തിരികെ എത്തിയ എന്‍ പ്രശാന്തിനെ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
കോസ്റ്റല്‍ പോലീസ് എഡിജിപി സുദേഷ് കുമാറിനെ ഗതാഗത കമ്മീഷറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള കമ്മീഷണര്‍ കെ. പത്മകുമാറിന് പകരം നിയമന ഉത്തരവ് പ്രത്യേകം നല്‍കും.
തദ്ദേശസ്വയംഭരണ വകുപ്പിനു കീഴില്‍ വരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് സര്‍വ്വീസ്, മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് എന്നിവ ഏകോപിപ്പിച്ച് പൊതു സര്‍വ്വീസ് രൂപീകരിക്കുന്നതിന് 1994-ലെ കേരള മുനിസിപാലിറ്റി ആക്ട് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി തയ്യാറാക്കിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
പ്രളയദുരിതാശ്വാസത്തിന് കേന്ദ്രം അനുവദിച്ച 89,540 ടണ്‍ അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത വകയില്‍ റേഷന്‍കടക്കാര്‍ക്ക് മാര്‍ജിന്‍ ഇനത്തില്‍ നല്‍കേണ്ട 9.4 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷ തമ്പി എന്ന കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് അന്തിനാട്ട് വീട്ടില്‍ എ.വി. തമ്പിയുടെ മകളാണ് നിമിഷ. മുത്തശ്ശിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച ആളെ തടയാന്‍ ശ്രമിച്ചപ്പോഴാണ് കുട്ടി ആക്രണത്തിന് ഇരയായത്.
ഭൂഗര്‍ഭ കേബിളില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച തമിഴ്നാട് രാമനാഥപുരം സ്വദേശി മുതിരുലാണ്ടിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. കൊച്ചി കോര്പ്പറേഷന് പരിധിയില്‍ ജോലി ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.
Sponsored