‘ടി വി രാജേഷ് കൊലക്കേസ് പ്രതി’, ഷുക്കൂർ വധക്കേസിൽ പ്രതിപക്ഷ ബഹളം, സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

0
29
8216-8217-

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ടി വി രാജേഷ് എംഎൽഎയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി സമർപ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് സഭയിൽ ബഹളമായി. പ്രതിഷേധവുമായി സഭാ കവാടത്തിൽ കുത്തിയിരിക്കുകയാണ് അംഗങ്ങൾ. 

എന്നാൽ കുറ്റപത്രങ്ങളുടെ പേരിൽ അടിയന്തരപ്രമേയം പരിഗണിക്കുന്ന പതിവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പുള്ള സംഭവത്തിൽ ചർച്ച വേണ്ട. അടിയന്തരപ്രമേയ നോട്ടീസിൽ കേസിന് സർക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല നീതിപീഠങ്ങൾക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ട്. അതിന്‍റെ പേരിൽ അടിയന്തരപ്രമേയം കൊണ്ടുവരുകയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ് വഴക്കമില്ല എന്നും സ്പീക്കർ പറഞ്ഞു.

ഇതോടെ സഭയിൽ ബഹളമായി. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എംഎൽഎ സഭയിലുണ്ടെന്ന് ടി വി രാജേഷ് എംഎൽഎയെ ചൂണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആറ് പ്രാവശ്യം മുൻപ്രതിപക്ഷം കോടതി നടപടികൾ അടിയന്തരമായി കൊണ്ടു വന്നിട്ടുണ്ട്. അപ്പോഴും അടിയന്തരപ്രമേയം പരിഗണിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. 

എന്നാൽ അടിയന്തരപ്രമേയത്തിന് അനുമതിയില്ലെന്ന നിലപാടിൽ സ്പീക്കർ ഉറച്ചു നിൽക്കുകയാണ്. തുടർന്ന് പ്രതിഷേധവുമായി സഭാ കവാടത്തിൽ കുത്തിയിരിക്കുകയാണ് പ്രതിപക്ഷാംഗങ്ങൾ. 

Last Updated 12, Feb 2019, 11:05 AM IST

Sponsored