150 പേരുടെ ഫോട്ടോ ആൽബം പുറത്തുവിട്ടു; അറസ്റ്റിൽ അയവില്ലാതെ പൊലീസ്

0
19
150-

പത്തനംതിട്ട ∙ ശബരിമല യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ട അറസ്റ്റ് തുടരാന്‍ പൊലീസ് തീരുമാനം. 150 പേരുടെ ചിത്രങ്ങളടങ്ങിയ പുതിയ വെരിഫിക്കേഷൻ ആല്‍ബം പ്രസിദ്ധീകരിച്ചു. തൃശൂര്‍ സ്വദേശി ലളിതയെ ശബരിമലയിൽ തടഞ്ഞതുൾപ്പെടെയുള്ള കേസിലുള്ളവരുടേതാണു ചിത്രങ്ങള്‍. ജാമ്യമില്ലാ വകുപ്പുകളാണ് എല്ലാവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയില്‍ എത്തിയ തീര്‍ഥാടകരില്‍ 200 പേര്‍ മാത്രമാണു യഥാര്‍ഥ ഭക്തരെന്നും 7000 പേർ ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരോ അനുഭാവികളോ ആണെന്നുമാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി നട തുറന്നപ്പോള്‍ നിലയ്ക്കലില്‍ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത 200 പേര്‍ ശബരിമലയില്‍ വീണ്ടും ദര്‍ശനം നടത്തിയതായും പൊലീസ് കണ്ടെത്തി.

ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലയ്ക്കലില്‍ അക്രമം നടത്തിയവരുടെ ഫോട്ടോ ശേഖരിച്ചു ഫെയ്സ് ഡിറ്റക്‌ഷൻ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ചുള്ള നടപടികളും മുന്നോട്ടു പോവുകയാണെന്നു പൊലീസ് അറിയിച്ചു.

Sponsored