Home Mathrubhoomi സനൽകുമാറിന്റെ കൊല: പോലീസ് കഥകൾ പൊളിയുന്നു

സനൽകുമാറിന്റെ കൊല: പോലീസ് കഥകൾ പൊളിയുന്നു

0
24
-

നെയ്യാറ്റിൻകര: സനൽകുമാറിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഡിവൈ.എസ്.പി. ബി.ഹരികുമാറിനെ രക്ഷപ്പെടുത്തുന്നതിനായി പോലീസ് മെനഞ്ഞ ഓരോ കഥകളും പൊളിയുന്നു. ഗുരുതരമായി പരിക്കേറ്റ സനൽകുമാറിനെ ആശുപത്രിയിലാക്കാൻ ആംബുലൻസിനെ വിളിപ്പിച്ചത് പോലീസാണെന്ന വാദമാണ് അവസാനം പൊളിഞ്ഞത്.

സനൽ അപകടത്തിൽപ്പെട്ടുവെന്നായിരുന്നു പോലീസിന്റെ ആദ്യ വെളിപ്പെടുത്തൽ. വാഹനാപകട മരണമെന്ന നിലയിലാണ് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ സനലിനെ എത്തിച്ച പോലീസുകാരുടെ മൊഴി. എന്നാൽ സംഭവം പെട്ടെന്ന് തിരിഞ്ഞു മറിഞ്ഞു. സനൽകുമാറിനെ ഡിവൈ.എസ്.പി. ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന ആക്ഷേപവുമായി നാട്ടുകാർ രംഗത്തെത്തി. ഒരു മണിക്കൂറോളം പരിക്കേറ്റ് രോഡിൽക്കിടന്ന ശേഷമാണ് പോലീസ് ഇയാളെ നെയ്യാറ്റിൻകര ആസ്പത്രിയിലെത്തിച്ചത്. പോലീസ് വിളിച്ചറിയിച്ച ആംബുലൻസിലാണ് കൊണ്ടുപോയതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ലൈഫ് കെയർ എന്ന ആംബുലൻസിനെ അപകടവിവരം അറിയിച്ചത് കാഞ്ഞിരംകുളത്തുള്ള മറ്റൊരു ആംബുലൻസുകാരാണെന്നാണ് ഡ്രൈവർ അനീഷിന്റെ വെളിപ്പെടുത്തൽ.

ഓലത്താന്നി-പൂവാർ റൂട്ടിൽ ആംബുലൻസ് ഓടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അനീഷിനെ കൊടങ്ങാവിളയിലെ അപകടവിവരം അറിയിക്കുന്നത്. അവിടെനിന്നും ഷിബു എന്ന സി.പി.ഒ.യുടെ കൂടെയാണ് പരിക്കേറ്റ ആളെ ആശുപത്രിയിലേക്കായി കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ബീക്കൺ ലൈറ്റ് ഓഫാക്കിയിടാൻ സി.പി.ഒ.യായ ഷിബു പറഞ്ഞതായി ആംബുലൻസ് ഡ്രൈവർ അനീഷ് വ്യക്തമാക്കി. മാത്രവുമല്ല ആംബുലൻസിന്റെ സ്പീഡ് കുറയ്ക്കാനും ആവശ്യപ്പെട്ടു.

അപകടശേഷം തുടക്കം മുതൽ പോലീസ് വ്യക്തമാക്കിയിരുന്നത് യഥാസമയം സനൽകുമാറിനെ ആശുപത്രിയിലെത്തിച്ചെന്നാണ്. പോലീസിന്റെ എഫ്.ഐ.ആർ. പ്രകാരം അപകടസമയം തിങ്കളാഴ്ച രാത്രി 9.45-ന് എന്നാണ്. 10.12-നാണ് പോലീസിനെ അപകട വിവരം അറിയിക്കുന്നത്. 10.21-ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിയെന്നും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 11.10-ന് എത്തിയെന്നുമാണ് വ്യക്തമാക്കിയത്.

ഇതിനിടെ വേറെ ഒരിടത്തും പോയില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സത്യമല്ലെന്നാണ് ആംബുലൻസ് പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യത്തിലൂടെ വെളിവായത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും സനൽകുമാറിനെ എത്തിക്കുമ്പോൾ അവിടെയെല്ലാം പറഞ്ഞിരുന്നത് വാഹനമിടിച്ചുള്ള അപകടമെന്നാണ്. എന്നാൽ പോലീസ് പിന്നീട് എടുത്ത എഫ്.ഐ.ആറിൽ സനൽകുമാറിനെ ഡിവൈ.എസ്.പി. ബി.ഹരികുമാർ മർദ്ദിച്ചശേഷം ഓടിക്കൊണ്ടിരുന്ന കാറിനുമുന്നിലേക്ക് തള്ളിയിട്ടുവെന്നാണ്. ഇതിലൂടെയെല്ലാം തുടക്കംമുതൽ ഡിവൈ.എസ്.പി.യെ രക്ഷിക്കാനുള്ള പോലീസിന്റെ ശ്രമമാണ് പൊളിഞ്ഞത്.

Sponsored