സംരക്ഷിച്ചു, പിന്നെ കൈവിട്ടു; രക്ഷയില്ലാതെ റെഡ്‌ഡി മുങ്ങി

0
24
-
uploads/news/2018/11/263489/5.jpg

ബംഗളുരു/ഹൈദരാബാദ്‌: ഖനി രാജാവ്‌ ജി. ജനാര്‍ദന റെഡ്‌ഡിക്ക്‌ ബെല്ലാരി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്‌ വരെ രാഷ്‌ട്രീയ സംരക്ഷണം ലഭിച്ചെന്നു വ്യക്‌തമായി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി തോറ്റതിനു പിന്നാലെ രാഷ്‌ട്രീയ സംരക്ഷണം നഷ്‌ടപ്പെട്ട അദ്ദേഹം നാടുവിടുകയായിരുന്നെന്നാണു സൂചന. മനഃസാക്ഷി സൂക്ഷിപ്പുകാരനായ ബി. ശ്രീരാമലു എം.എല്‍.എ. പോലും അദ്ദേഹത്തെ കൈവിട്ടതായി വ്യക്‌തമായി. രാഷ്‌ട്രീയക്കരുത്തിന്റെ പേരില്‍ റെഡ്‌ഡിയെ “റിപ്പബ്ലിക്‌ ഓഫ്‌ ബെല്ലാരി”യുടെ അധിപന്‍ എന്നാണു മുന്‍ ലോകായുക്‌ത സന്തോഷ്‌ ഹെഗ്‌ഡേ വിശേഷിപ്പിച്ചത്‌. അവിടെനിന്നാണ്‌ ഒളിച്ചോട്ടത്തില്‍ എത്തിനില്‍ക്കുന്നത്‌. അദ്ദേഹമിപ്പോള്‍ ഹൈദരാബാദിലുണ്ടെന്നാണു സൂചന.

സന്തോഷ്‌ ഹെഗ്‌ഡേ ഉള്‍പ്പെടെയുള്ളവര്‍ ജനാര്‍ദന റെഡ്‌ഡിക്കെതിരേ പലതവണയാണു കേന്ദ്ര – സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു മുന്നറിയിപ്പ്‌ നല്‍കിയത്‌. റെഡ്‌ഡിക്കെതിരേ കര്‍ണാടക മുന്‍ ക്യാബിനറ്റ്‌ സെക്രട്ടറി ഇ.എ.എസ്‌. ശര്‍മ ഇന്നലെ രംഗത്തെത്തി. 2016 മുതല്‍ റെഡ്‌ഡിയുടെ തട്ടിപ്പുകളെക്കുറിച്ചു കേന്ദ്ര സര്‍ക്കാരിനു മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായി അദ്ദേഹം അറിയിച്ചു.

നോട്ട്‌ അസാധുവാക്കല്‍ നടത്തിയതിനു പിന്നാലെയാണു റെഡ്‌ഡിയുടെ തട്ടിപ്പുകളെക്കുറിച്ച്‌ ആദ്യ കത്തെഴുതിയത്‌. 2016 നവംബര്‍ 16 നും ഡിസംബര്‍ ആറിനുമാണു പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തെഴുതിയത്‌. റെഡ്‌ഡി 100 കോടിയുടെ അനധികൃത നോട്ടുകള്‍ വെളുപ്പിച്ചതായി അദ്ദേഹത്തിന്റെ സ്‌ഥാപനത്തില്‍ പ്രവര്‍ത്തിച്ച ഡ്രൈവറുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു.

തൊട്ടുപിന്നാലെ കര്‍ണാടകാ പോലീസും പരോക്ഷമായി വീഴ്‌ച ഏറ്റുപറഞ്ഞു. കഴിഞ്ഞ 20 ദിവസമായി റെഡ്‌ഡി നിരീക്ഷണത്തിലായിരുന്നെന്നും ബെല്ലാരി ഉപതെരഞ്ഞെടുപ്പ്‌ കഴിയും വരെ നടപടി വേണ്ടെന്നുവച്ചിരുന്നതായി എ.സി.പി: അലോക്‌ കുമാര്‍ അറിയിച്ചു. ബെല്ലാരിയിലെ തെരഞ്ഞെടുപ്പ്‌ തോല്‍വിക്കു പിന്നാലെയാണു പോലീസ്‌ അദ്ദേഹത്തിനെതിരേ പരസ്യമായി രംഗത്തുവന്നത്‌. ബി. ശ്രീരാമുലുവിന്റെ സഹോദരിയും ബി.ജെ.പി. സ്‌ഥാനാര്‍ഥിയുമായ ബി. ശാന്തയുടെ വിജയത്തിനായുള്ള പ്രവര്‍ത്തനത്തിലായിരുന്നു അതുവരെ അദ്ദേഹം. മണ്ഡലത്തില്‍ കയറുന്നതിനു കോടതിയുടെ വിലക്കുള്ളതിനാല്‍ ചിത്രദുര്‍ഗ ജില്ല കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. എ.സി.പി. മഞ്ചുനാഥ്‌ ചൗധരിയുടെ നേതൃത്വത്തില്‍ ഇന്നലെ കേന്ദ്ര ക്രൈം ബ്രാഞ്ച്‌ സംഘം റെഡ്‌ഡിയുടെ ബെല്ലാരിയിലെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. റെഡ്‌ഡിയുടെ മേല്‍ കേസ്‌ മുറുകുന്നതിനു പിന്നാലെ ബി.ജെ.പി. നേതൃത്വം അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നു ബി.ജെ.പി. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്‌. യെദിയൂരപ്പ പറഞ്ഞു. യെദിയൂരപ്പയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു ജനാര്‍ദന റെഡ്‌ഡി. റെഡ്‌ഡിയെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നാണ്‌ വിശ്വസ്‌തനായിരുന്ന ബി.ജെ.പി. എം.എല്‍.എ. ബി. ശ്രീരാമലുവിന്റെ നിലപാട്‌.

Sponsored